ഇതൊന്നും അറിയാതെ ആഘോഷിച്ചാൽ നമുക്ക് എങ്ങനെ ക്രിസ്തുമസിന്റെ യഥാർത്ഥ സന്തോഷം ലഭിക്കും! എന്തിന് ആഘോഷിക്കുന്നുവെന്ന് അറിയുമ്പോൾ അല്ലേ "സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം"(ലുക്കോസ് 2:10) നമുക്കും അനുഭവമാക്കാൻ കഴികയുള്ളു. ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു വചനത്തിൽ നിന്നും മനസിലാക്കാം...
എന്തിനാണ് ക്രിസ്തു യേശു ഭൂമിയിൽ ജനിച്ചത്?
ജനിക്കുന്നതിനും 4000 വർഷങ്ങൾക്ക് മുന്നേ തന്നെ യേശുവിന്റെ ജനനത്തെയും ജീവിതത്തെയും മരണത്തെയും സകലത്തേയും കുറച്ചു സകല പ്രവാചകന്മാരും പ്രവചിച്ചിരുന്നു. പഴയ നിയമ പുസ്തകത്തിന്റെ തുടക്കമായ ഉല്പത്തി പുസ്തകം മുതൽ അവസാനം മലാഖി പ്രവചനം വരെ ആ പ്രവാചനങ്ങൾ നീളുന്നു.
എന്തിനു ക്രിസ്തു ജനിക്കുന്നു എന്നതിന് ഉത്തരം ഉല്പത്തി പുസ്തകത്തിൽ തന്നെ രേഖപെടുത്തിയിരിക്കുന്നു. "സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും." (ഉല്പത്തി 3:15). ദൈവത്തിന്റെ രൂപത്തിലും സദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ
"ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു."(ഉല്പത്തി 1:27)
ചതിച്ചു ദൈവതേജസില്ലാത്തവരായി മാറ്റിയ പാമ്പിനെ (പിശാചിനെ) തകർക്കാൻ അതേ മനുഷ്യനിലൂടെ തന്നെ ദൈവത്തിന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചു. കൂടാതെ ആദ്യ മനുഷ്യനായ ആദമിന്റെ അനുസരണക്കേടിനാൽ ഭൂമിയിൽ ഉണ്ടായ പാപത്തിന്റെ വിത്ത് പെറ്റു പെരുകി മനുഷ്യരാശിയെ മുഴുവൻ നാശത്തിലേക്ക് നയിച്ചു,അതിൽ നിന്നും നമ്മെ രക്ഷിക്കുവാനും കൂടിയാണ് യേശു ജനിച്ചത്. "മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.(1 കൊരിന്ത്യർ15:21, 22)". അതിനാലാണ് യേശുവിന്റെ ജനനത്തിൽ യോസേഫിനോട് ദൈവത്തിന്റെ ദൂതൻ പ്രത്യക്ഷനായി അവന്റെ ജനനത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത് "അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു."(മത്തായി 1:21)
ക്രിസ്തുവിന്റെ ജനനവും അതിനോട് അനുബന്ധമായ സംഭവങ്ങളും പഴയനിയമ പ്രവചനങ്ങളിൽ:
- യിരേമ്യാവു 33:14,15
"ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും."
- യെശയ്യാ 7:14
"അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും."
- യെശയ്യാ9:6,7
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും."
- യെശയ്യാ 11:1
"എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും."
- മീഖാ 5:2
"നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ."
- 2 ശമൂവേൽ 7:12
"നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും."
- ഹോശേയ 11:1
"യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു."
- മീഖാ 5:2
"നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ."
- യിരേമ്യാവു 31:15
"യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല."
യേശുവിന്റെ ജനനത്തിലൂടെ ഉണ്ടായ പ്രവചന നിവർത്തീകരണങ്ങൾ:
യേശുവിന്റെ ജീവിതം പുതിയ നിയമപുസ്തകത്തിലെ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. യേശുവിന്റെ ജനനത്തെ വിശദമാക്കിയിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷത്തിലും ലൂക്കോസ് എഴുതിയ സുവിശേഷത്തിലുമാണ്.പഴയ നിയമ പ്രവാചകന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളെ കുറിച്ചും പ്രവചിച്ച പ്രവചനങ്ങളുടെ നിവർത്തീകരണം ഈ സുവിശേഷ ഭാഗങ്ങളിൽ കാണാം.
- യേശു ക്രിസ്തു ദാവീദ് പുത്രനായി ജനിക്കുമെന്നു യെശയ്യാ പ്രവാചകനും(യെശയ്യാവ്11:1) യിരമ്യ പ്രവാചകനും(യിരേമ്യാവ്33:15) നാഥാൻ പ്രവാചകനും(2ശമുവേൽ7:12) പ്രവചിച്ച പ്രകാരം യേശു ദാവീദ് ഗ്രഹത്തിൽ പിറന്നു.
ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.(മത്തായി 1:17)
ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.(ലൂക്കോസ്1:30-33)
- യെശയ്യാ പ്രവാചകനിലൂടെ (7:14) അരുളിച്ചെയ്ത പ്രകാരം കന്യകയായ മറിയ പരിശുദ്ധത്മവിനാൽ ഗർഭിണിയായി.
എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.(മത്തായി 1:18)
- യിസ്രയേലിനു അധിപധിയായവൻ ബേത്ത്ലേഹേമിൽ നിന്നും വരുമെന്ന് മീഖാ പ്രവാചകനിലൂടെ അരുളിച്ചെയ്തതു പോലെ യേശു യഹൂദ്യയിലെ ബേത്ത്ലേഹേമിൽ ജനിച്ചു.
ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.(മത്തായി 2:1)
- യേശുവിന്റെ ജനനം അറിഞ്ഞ ഹെരോദാരാജാവ് ആ കാലയളവിൽ ജനിച്ച രണ്ടു വയസ്സും താഴെയുമുള്ള ആൺകുഞ്ഞുങ്ങളെ ഒക്കെയും കൊന്നൊടുക്കി. അതിനാൽ യിരമ്യ പ്രവാചകൻ പ്രവചിച്ച പ്രവചനം നിവർത്തിയായി.
റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു(മത്തായി 2:17)
- ഹെരോദാരാജാവ് ശിശുവിനെ നശിപ്പിക്കുവാൻ ഒരുങ്ങിയിരിക്കുന്നു എന്ന് യോസേഫിനോട് ദൂതൻ പറഞ്ഞതനുസരിച്ചു അവർ മിസ്രായീമിലേക്ക് ഓടി പോയി. ഹെരോദാവിന്റെ കലശേഷം ദൂതൻ യോസേഫിനോട് യിസ്രായേൽ ദേശത്തേക്കു മടങ്ങി പോകുവാൻ പറഞ്ഞു. അവൻ ശിശുവിനെയും അമ്മയെയും കൂട്ടി യിസ്രായേൽ ദേശത്തേക്കു മടങ്ങി. ഈ സംഭവത്താൽ ഹോശേയാ പ്രവാചകൻ മുഖാന്തിരം അരുളിച്ചെയ്തത് നിവർത്തിയായി.
ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.(മത്തായി 2:15)
ഇവയൊക്കെയാണ് സുവിശേഷത്തിൽ രേഖപെടുത്തിയിരിക്കുന്ന ക്രിസ്തു ജനനത്തെ കുറിച്ചുള്ള പ്രവചന നിവർത്തീകരണങ്ങൾ.
ക്രിസ്തുവിന്റെ ജനനത്തേയും ജീവിതത്തെയും മരണത്തെയും കുറച്ചുള്ള പ്രവചനങ്ങൾ നിവർത്തിയായി കഴിഞ്ഞു. ഇനി താൻ വേഗം വരും എന്ന വാഗ്ദത്തം നൽകിയിട്ടാണ് യേശു പോയത്. യേശുവിന്റെ ഒന്നാം വരവിനെ ഓർത്തു ആഘോഷിക്കുന്നവർ യേശുവിന്റെ രണ്ടാം വരവിൽ വിശ്വസിക്കുണ്ടോ? ആദ്യത്തെ വരവിൽ നമുക്ക് രക്ഷ ഉറപ്പാക്കി തന്നു എങ്കിൽ രണ്ടാം വരവ് ആ രക്ഷയിലേക്ക് നമ്മെയും ചേർക്കുവാൻ ആണ്.
"ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും."(എബ്രായർ 9:28)
അതിനായി ഒരുങ്ങി ഇരിക്കാം ദൈവം നിങ്ങളെ സഹായിക്കട്ടെ. ആമേൻ




Comments
Post a Comment