സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു.
സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്.
എന്തിനു സ്നാനമേൽക്കുന്നു?
- യേശുവിനോട് ചേരുവാൻ
- അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ
- ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ
- അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ
- നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ
- നിത്യജീവന്റെ അവകാശികളാകുവാൻ
- നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ
- നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ
- ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട്
- പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ
- അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ
റോമർ6:3
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
ഗലാത്യർ 3:27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
റോമർ6:4
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
റോമർ 6:5
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
റോമർ6:6
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
തീത്തൊസ് 3:6
നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും
പ്രവൃത്തികൾ 2:38
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃത്തികൾ 22:16
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
1 പത്രൊസ് 3:21
അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
പ്രവൃത്തികൾ19:4 -6
അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
എപ്പോൾ സ്നാനമേൽക്കണം?
ഒരു മനുഷ്യൻ ദൈവത്തെ അറിഞ്ഞു, സുവിശേഷത്തിൽ വിശ്വസിക്കുമ്പോൾ താൻ ക്രിസ്തുവിനോട് ചേർന്ന് ക്രിസ്തുവിനായി ജീവിക്കുവാൻ സമർപ്പിക്കപെടുമ്പോൾ മാത്രമാണ് സ്നാനമെന്ന ദൈവ കല്പന അനുസരിക്കാൻ അവൻ യോഗ്യനാകുന്നത്.
2 കൊരിന്ത്യർ 5:17
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു."
ഒരുവൻ ക്രിസ്തുവിൽ ആകുവാൻ വേണ്ടിയാണ് സ്നാനം (റോമർ 6:3, ഗാലത്യർ3:27). അതെ ക്രിസ്തുവിനെ അറിഞ്ഞു പുതിയ മനുഷ്യനാകുവാൻ മനസൊരുക്കമുള്ളവൻ സ്നാനത്താൽ തന്റെ പഴയ മനുഷ്യനെ ക്രിസ്തുവിനോട് കൂടെ ക്രൂശിച്ച് ക്രിസ്തുവിനോട് കൂടെ ഉയിർത്തു (റോമർ6:6) പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുവാൻ വാഞ്ച്ചിയ്ക്കും. അപ്പോൾ മാത്രമാണ് സ്നാനമേൽക്കുവാൻ തിരുവചനം നമ്മെ അനുവദിക്കുന്നത്. സ്നാനമേൽക്കുവാൻ ഉള്ള ആദ്യത്തേതും വചനം പഠിപ്പിക്കുന്നതുമായ ഏക മാനദണ്ഡവും ക്രിസ്തുവിൽ വിശ്വസിക്കുക എന്നത് മാത്രമാണ്. അപ്പോൾ ക്രിസ്തുവിനെ വിശ്വസിക്കുവാനും പാപം എന്തെന്ന് അറിയുവാനും പ്രായമാകാത്തവർ സ്നാനം ഏൽക്കേണ്ടതുണ്ടോ എന്ന് നാം വചനം പഠിച്ച് മനസിലാക്കുക വിവേചിച്ചു അറിയുക.
മർക്കൊസ് 16:16
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
പ്രവൃത്തികൾ 8:12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
പ്രവൃത്തികൾ8:36, 37,38
അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
പ്രവൃത്തികൾ19:4, 5
അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
എങ്ങനെ സ്നാനമേൽക്കണം?
സ്നാനം എന്നാൽ എന്തെന്ന് നാം വായിച്ചു അറിഞ്ഞു കഴിഞ്ഞു, സ്നാനം എന്നാൽ കേവലം വെള്ളം തളിക്കുക അല്ലെന്ന് നമുക്കു മനസിലായല്ലോ. സ്നാനം എന്നാൽ അക്ഷരീകമായി ജലത്തിൽ ഇറങ്ങി ക്രിസ്തു മരിച്ചു അടക്കപ്പെട്ടതുപോലെ പഴയ മനുഷ്യനെ ജലത്തിൽ അടക്കിക്കുകയാണ്. ഇതു വചനം പഠിപ്പിക്കുന്നതാണ് (ഫിലിപ്പൊസും ഷണ്ഡനും- പ്രവൃത്തികൾ8:38,39), (യേശുവിന്റെ സ്നാനം- മത്തായി 3:16, മർക്കൊസ്1:9,10)
റോമർ6:4
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
പ്രവൃത്തികൾ8:38,39
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.
മത്തായി 3:16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു;
മർക്കൊസ്1:9,10
ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽനിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.
വെള്ളത്തിൽനിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ടു:
സ്നാനത്താൽ നമുക്ക് ലഭിക്കുന്ന ദൈവീക വാഗ്ദത്തങ്ങൾ?
- പുനരുത്ഥാനം
റോമർ 6:5
"അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും."
- നിത്യജീവൻ
തീത്തൊസ് 3:6
"നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും.. "
- പരിശുദ്ധത്മാവ്
പ്രവൃത്തികൾ 2:38
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
- അന്യഭാഷ
- പ്രവചനം
പ്രവൃത്തികൾ19:5,6
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
(അതായത് സ്നാനമേറ്റാൽ മാത്രമേ പരിശുദ്ധത്മാവ് നമ്മുടെ മേൽ വരുകയുള്ളു. പരിശുദ്ധത്മാവ് ഉള്ള മനുഷ്യനെ ദൈവീക വരങ്ങൾ അന്യഭാഷ പ്രവചനം ഒക്കെ പ്രാപിക്കുവാൻ കഴികയുള്ളു)
- പുനരുത്ഥാനത്താലുള്ള രക്ഷ
1 പത്രൊസ് 3:21
അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
Conclusion:
സ്നാനം ഒരുവന്റെ ആത്മീയ ജീവിതത്തിന്റെയും അവൻ ദൈവകല്പന അനുസരിച്ചു ജീവിതം ക്രമീകരിക്കുന്നതിന്റെയും എല്ലാം തുടക്കമാണ്. സ്നാനത്താൽ മാത്രമേ യേശുവോട് ചേരുവാനും (റോമർ 6:3, ഗാലത്യർ 3:27) അവനെ കാത്തിരിക്കുന്നവർക്കുള്ള നിത്യത അവകാശമാക്കുവാനും കഴികയുള്ളു.
സ്നാനമേൽക്കാതിരുന്നാൽ എന്തു സംഭവിക്കും?
യേശുവിനെ അറിഞ്ഞിട്ടും വിശ്വസിച്ചിട്ടും സ്നാനം ഏറ്റില്ലെങ്കിലും യേശുവിനെ അറിയാതെ സ്നാനം ഏൽക്കാതിരുന്നാലും, ദൈവവചനം പഠിപ്പിക്കുന്നത് പോലെ പ്രവർത്തിക്കാത്ത ഒരു മനുഷ്യനും നിത്യത അവകാശം ആകയില്ല, നിത്യനാശം സംഭവിക്കും.
ക്രൂശിലെ കള്ളൻ സ്നാനം ഏൽക്കാതെ എങ്ങനെ "ഇന്നു നീ എന്റെ കൂടെ പറുദീസയിൽ ഇരിക്കും" എന്ന് യേശു പറഞ്ഞു???
നാം യേശുവിനെ വിശ്വസിച്ചു അവന്റെ മരണത്തിനു സാദൃശ്യത്തിൽ ജലത്താൽ സ്നാനം ഏൽക്കുമ്പോൾ ക്രൂശിലെ കള്ളൻ ആദ്യം യേശുവിൽ വിശ്വസിച്ചു പറഞ്ഞത് "ലൂക്കോസ് 23:42 പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു."
അതായത് അവൻ വിശ്വസിച്ചു,യേശു ഉയർക്കുമെന്നും രാജ്യത്വം പ്രാപിച്ചു വരുമെന്നും. അതിനു ശേഷം സ്നാനം കള്ളനും യേശുവോട് കൂടെ ക്രൂശിക്കപ്പെട്ടിരുന്നത് കൊല്ലപ്പെടുവാൻ തന്നായിരുന്നു. അന്ന് അവൻ യേശുവോട് കൂടെ അക്ഷരരീകമായി മരിക്കുമെന്ന് യേശുവിനു അറിയാം അതിനാൽ "ലൂക്കോസ് 23:43 യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു."
(റോമർ 6:5അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും).
ഒരുവൻ എത്ര പ്രാവശ്യം സ്നാനമേൽക്കണം?
"എഫെസ്യർ 4:5 കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു,... "
ഒരു മനുഷ്യന് ഒരു സ്നാനം എന്ന് വചനം പഠിപ്പിക്കുന്നു. എന്നാൽ സ്നാനം എന്ന പേരിൽ അറിവില്ലാതെ ചെയ്ത ക്രിയ വചന പ്രകാരമുള്ള സ്നാനം അല്ലാത്തതിനാൽ അതിനെ സ്നാനം എന്ന് തിരുവചനം അംഗീകരിക്കില്ല. അതായത് യേശുവിനെ അറിയുന്നതിനും വിശ്വസിക്കുന്നതിനും മുന്നേ സ്വന്തം തീരുമാനപ്രകാരമല്ലാതെ ചെയ്തതും പഴയ പാപമനുഷ്യനെ ജലത്തിൽ അടക്കം ചെയ്യാതെ ചെയ്തതുമായ ക്രിയകൾ. അതിനാൽ മനുഷ്യനിർമ്മിതമായ പ്രവർത്തികൾ അല്ല, വചനം പഠിപ്പിക്കുന്ന സ്നാനം മനുഷ്യന് ഒന്ന് മതി.
യോഹന്നാൻ സ്നാനം കൊടുത്തവർ സഭയിൽ വന്നപ്പോൾ വചന പ്രകാരമുള്ള സ്നാനം സ്വീകരിക്കുവാൻ പൗലോസ് ആഹ്വാനം ചെയ്തു
പ്രവൃത്തികൾ19:3-5
എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
കാരണം പുതിയ നിയമ സഭക്കായി വചനം നിർദേശിക്കുന്നത് യേശുവിൽ വിശ്വസിച്ച ശേഷം ഏൽക്കുന്ന വിശ്വാസസ്നാനം എന്നതാണ്.
**************************************************
🙏🙏🙏
ReplyDelete