മനുഷ്യന്റെ ചിന്തകൾക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത അത്ര വലുപ്പത്തിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തെ പറ്റി നിങ്ങൾ കേട്ടിട്ടെങ്കിലും ഉണ്ടോ?
അങ്ങനൊരു ദൈവത്തെ നിങ്ങൾ കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞുകൊൾക, തന്റെ സ്വന്തപുത്രനെ ആദരിക്കാതെ പാഴായി പോകുന്ന മനുഷ്യ ജന്മങ്ങൾക്കായി ഭൂമിയിലേക്ക് ഒരു യാഗ വസ്തുവായി അയച്ച ഒരു മഹാ ദൈവം ഉണ്ട്(റോമ 8:32). ആ ദൈവത്തെ നാം അറിയാത്തതു കൊണ്ടോ വിശ്വസിക്കാത്തതു കൊണ്ടോ ആവാം നമ്മുടെ മുന്നിലെ പ്രശ്നംങ്ങളും രോഗങ്ങളും നമ്മുടെ അവസ്ഥകളുമൊക്കെ വഹിക്കാൻ ആകാത്ത ഭാരമായും ചിന്താകുലങ്ങളായും അനുഭവപ്പെടുന്നത്.
യേശുക്രിസ്തു താൻ ക്രൂശിക്കപെടുവാൻ പോകുന്നുവെന്ന് അറിഞ്ഞിരുന്നു, താൻ അനുഭവിക്കേണ്ടുന്ന പീഡയുടെ കഠിന്യം എന്തെന്ന് നന്നേ അറിഞ്ഞിരുന്നിട്ടും (ലൂക്കോ22:15) സ്വന്തം ശരീരം കൊണ്ടും മനസുകൊണ്ടും സകലതും ഏറ്റു വാങ്ങിയതു അവനു രക്ഷപെടാൻ കഴിയാത്തത് കൊണ്ടല്ല, ഇന്നു നാം ഓരോരുത്തരും എന്തൊക്ക സഹിക്കേണ്ടത് ആകുന്നു എന്നു യേശു നന്നായി അറിഞ്ഞിരുന്നു. നാം വഹിക്കെണ്ടൂന്ന വേദനയും ഭാരവും സർവ്വതും യേശു ക്രൂശിൽ ഏറ്റെടുത്തതാണ്.
ഇനിയും ആകുലതയുടെ ആവശ്യം ഉണ്ടോ? രോഗത്തിന്റെയോ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ മറ്റെന്തിന്റെ എങ്കിലും പേരിൽ മനസ്സിനെ ആധിയിൽ ആക്കേണ്ട ആവശ്യമുണ്ടോ? നിങ്ങൾക്കായി ഇത്ര വല്യ ത്യാഗം സഹിച്ച ക്രിസ്തുവിനെ ഓർത്തു കൊൾവിൻ.
"ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു"(യോഹ 16:33)
അങ്ങനെ ജയിച്ച ക്രിസ്തുവിന്റെ മകനായി മകളായി ജീവിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
ഈ ഭൂമിയിൽ ഒരു അപ്പൻ തന്റെ അവകാശങ്ങളും സാമ്പാദ്യങ്ങളും മക്കൾക്കു നൽകുന്നു, തന്റെ മക്കളെ സ്നേഹിക്കയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് സ്വാഭാവികം. ഒരു മനുഷ്യൻ തന്റെ മക്കൾക്കായി ഇങ്ങനെയെല്ലാം കരുതുന്നു എങ്കിൽ ഒന്നു ചിന്തിക്കുക... സ്വന്തപ്രാണൻ നമുക്കായി നൽകിയ ക്രിസ്തുയേശു എന്ന പിതാവ് നിങ്ങളെ എത്ര അധികം സ്നേഹിക്കുന്നു എന്നു. ഞാൻ യേശുവിന്റെ മകനാണോ? മകളാണോ? എന്നെയും യേശു സ്നേഹിക്കുമോ? ഇങ്ങനെ ഒരു ചോദ്യം നിങ്ങളുടെ മനസിലുണ്ടായോ?
ദൈവവചനം ഇങ്ങനെ പഠിപ്പിക്കുന്നു:
"അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു."(യോഹ1:12)
അങ്ങനെയെങ്കിൽ ഒറ്റ പ്രാർത്ഥന മതി നിങ്ങൾക്കും യേശുവിന്റെ മക്കൾ ആകുവാൻ...
"യേശുവേ നീ എനിക്കായി മരിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ അങ്ങ് ക്രൂശിൽ വഹിച്ചു എന്നും എന്റെ രോഗങ്ങൾക്കു അങ്ങയുടെ അടിപിണരുകളാൽ സൗഖ്യം വന്നിരിക്കുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ തെറ്റുകൾ എന്നോട് ക്ഷമിക്കേണമേ. എന്നെ അങ്ങയുടെ പൈതലാക്കി തീർക്കേണമേ."
യേശുവിനോടുള്ള വിശ്വാസത്താൽ ഹൃദയം കൊണ്ട് വിശ്വസിച്ചു വായ കൊണ്ട് ഈ പ്രാർത്ഥന ഏറ്റു പറയാമോ? എങ്കിൽ നിങ്ങൾ ദൈവത്തിന്റെ പൈതലായി തീരും. ഇനി ഒരു അപ്പനോട് എന്ന വണ്ണം നിങ്ങളുടെ ഭാരം ദൈവത്തോട് ഏറ്റു പറയാം. എന്തു പ്രശ്നം തന്നെ നിങ്ങൾക്ക് മുന്നിൽ വന്നാലും തളർന്നു പോകരുത്. ദൈവം നിങ്ങളെ താങ്ങി കൊള്ളും. കാരണം ദൈവത്തിന്റെ വാക്കാണ് ദൈവവചനം, ആ വചനം നമ്മെ പഠിപ്പിക്കുന്നത്:
- "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു." (സങ്കീ 34:18)
- "അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും."(സങ്കീ 33:21)
- "ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും."(സങ്കീ 60:12)
- "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു(യെശ26:3)
- "നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും."(യെശ46:4)
നിങ്ങൾക്ക് മനസു വേദനിക്കുന്നുവോ? മരണഭയമാണോ? കുടുംബത്തിൽ അസമാധാനമാണോ? ഒന്നിനെ കുറിച്ചും ആവലാധി വേണ്ട, ദൈവത്തോട് പറയുക ഹൃദയം തുറന്ന് ദൈവത്തോട് സംസാരിക്കുക. മുട്ടിൻമേൽ നിന്ന് ദൈവത്തോട് അറിയിക്കുക. ദൈവം വിശ്വസ്തനാണു. നിങ്ങളുടെ സങ്കടവും ആശങ്കയും പൂർണ്ണമായും തീർത്തുതരും. പക്ഷേ നമ്മുടെ ഹൃദയം ദൈവസന്നിധിയിൽ എത്രത്തോളം ഏകാഗ്രമാണെന്നും ദൈവത്തിൽ നാം എത്രത്തോളം ആശ്രയിക്കുന്നു എന്നതും വളരെ പ്രധാനമാണ്.
നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്ഥാനം എത്രാമതാണ്? ഒരു പ്രശ്നം വന്നാൽ നാം ആദ്യം ആരെ ആശ്രയിക്കും? ദൈവത്തെയോ മനുഷ്യനെയോ?
എന്തു പ്രതിസന്ധി വന്നാലും ആദ്യം ദൈവത്തോട് സംസാരിക്കുക. ജീവിതത്തിൽ പ്രഥമ സ്ഥാനം ദൈവത്തിനു തന്നെ കൊടുക്കുക. പ്രതിസന്ധിയും പ്രശ്നവും വരുമ്പോൾ സകല മനുഷ്യരുടെയും സഹായത്തിനായി ഓടി നടന്നു അവസാനം ആരാലും പരിഹരിക്കാനാകില്ല എന്ന അവസ്ഥയാകുമ്പോൾ അല്ല ദൈവത്തെ ഓർക്കേണ്ടത്. ഏത് സമയത്തും ജീവിതത്തിൽ ഒന്നാം സ്ഥാനം ക്രിസ്തുവിനായിരിക്കേണം. പ്രശ്നം മാതാപിതാക്കളോടോ ജീവിതപങ്കാളിയോടോ ആത്മമിത്രത്തിനോടോ അറിയിച്ചു പരിഹാരം തേടുന്നതിനു മുന്നേ യേശുവോടു പറയുക എനിക്ക് ഇത് എങ്ങനെ നേരിടണം എന്നു പറഞ്ഞു തരണമേ ദൈവമേ എന്നു.
പ്രശ്നം നമ്മെ തളർത്താൻ അല്ല വരുന്നത്. നമുക്ക് ജീവിതത്തിൽ ദൈവവുമായി എത്ര ആത്മബന്ധമുണ്ടെന്നു സ്വയം മനസിലാക്കുവാനും ദൈവത്തോട് അധികം അടുക്കുവാനുമുളള അവസരവും ആണ് പ്രശ്നങ്ങളും രോഗങ്ങളും കഷ്ട്ടങ്ങളും എല്ലാം.
നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനുമായ ഇയ്യോബിനു വന്ന അത്ര പ്രശ്നം ഒന്നും നമുക്ക് കാണില്ല.ഇയ്യോബു ഒന്നിലും ദൈവത്തെ പഴിച്ചില്ല. ദൈവത്തോട് പിറുപിറുക്കാതെ മൗനമായിരുന്നു.
അങ്ങനെ എങ്കിൽ നമുക്കും നമ്മുടെ വേദനയിലും പ്രയാസത്തിലും ചിന്തിച്ചു വേദനിക്കുന്നവർ ആകാതെ, സകല ഭാരവും ദൈവത്തെ ഏല്പിച്ചു മൗനമായി ദൈവം തരുന്ന വിടുതലിനായി കാത്തിരിക്കുന്നു കൂടെ?
ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്ന യഹോവയുടെ അത്ഭുതങ്ങൾ അവർണ്ണനീയവും അപ്രമേയവും അത്രെ (ഇയ്യോ 38). ആ വലിയ ദൈവത്തിന്റെ പ്രവർത്തികൾ എത്രയോ ശ്രേഷ്ഠ. ദൈവത്തിന്റെ വലിപ്പം അറിഞ്ഞ ഒരു വ്യക്തിക്ക് തന്റെ പ്രശ്നങ്ങൾ ഒന്നും തന്നെ ഒരു വല്യകാര്യമായി അനുഭവപ്പെടില്ല. കാരണം എന്തു പ്രശ്നം വന്നാലും എന്നെ താങ്ങാൻ ഒരു മഹാ ദൈവം ഉണ്ടെന്ന ഉറപ്പാണ്. ദൈവം നമുക്ക് അപ്പനായി ഉള്ളപ്പോൾ ഒരു പ്രതികൂലവും നമ്മെ ബാധിക്കില്ല. പ്രശ്നങ്ങൾ വരും പോകും പക്ഷെ ദൈവത്തെ പിതാവായി സ്നേഹിക്കുന്ന വ്യക്തിക്ക് അത് കഠിനമായി അനുഭവപ്പെടില്ല.കാരണം അവൻ തീര്ച്ചയായും ദൈവത്തിന്റെ കരത്തിനുള്ളിലാണ് ജീവിക്കുന്നത്.
"തന്റെ തൂവലുകൾകൊണ്ടു അവൻ (ദൈവം)നിന്നെ മറെക്കും; അവന്റെ (ദൈവത്തിന്റെ) ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ (ദൈവത്തിന്റെ) വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
"തന്റെ തൂവലുകൾകൊണ്ടു അവൻ (ദൈവം)നിന്നെ മറെക്കും; അവന്റെ (ദൈവത്തിന്റെ) ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ (ദൈവത്തിന്റെ) വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
കഷ്ടകാലത്തു ഞാൻ (ദൈവം) അവനോടു (നിന്നോട് ) കൂടെ ഇരിക്കും; ഞാൻ (ദൈവം) അവനെ (നിന്നെ)വിടുവിച്ചു മഹത്വപ്പെടുത്തും"(സങ്കീ91:4,15)
വൻ കാര്യങ്ങൾ ചിന്തിച്ചു ദൈവത്തെ സ്തുതിക്കാം ദൈവവചനത്തിൽ നിന്നും ദൈവത്തിന്റെ അത്ഭുതങ്ങൾ വായിച്ചറിയാം. അനാവശ്യമായി മനസ് അസ്വസ്ഥമാകുമ്പോൾ യേശു നമ്മുടെ ആത്മാവിനെ കത്തുന്ന നരകത്തിൽ നിന്നും രക്ഷപെടുത്തൻ അനുഭവിച്ച വേദനയും ത്യാഗവും ചിന്തിക്കാം ധ്യാനിക്കാം. (മത്താ 27, മാർ 15, ലുക്ക് 23, യോഹ 19). ആ വേദനയോളം വരില്ലല്ലോ നമ്മുടെ ചിന്തകൾ കൊണ്ട് ഉണ്ടാകുന്നതും രോഗങ്ങളും ഭാരങ്ങളും കൊണ്ടുണ്ടാകുന്നതുമായ പ്രശ്നങ്ങൾ.
ദൈവത്തെ വിശ്വസിച്ചുകൊൾക. ദൈവം തന്നെ അനേഷിക്കുന്നവരെയും തന്റെ മക്കളെയും ഒരിക്കലും കൈവിടില്ല. അവൻ നീതിമാനായ ദൈവമത്രേ. ധൈര്യത്തോടെ യേശുവിൽ ആശ്രയിക്ക.
"നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ."(സങ്കീ9:10)

👌👌
ReplyDelete😇
Delete